Wednesday, 20 April 2022

ഗവേഷണ സഹായി അച്ചടി പതിപ്പ്

ഗവേഷണ സഹായി എന്ന പുസ്തകം ഓപ്പൺ അക്സസ്സ് രീതിയിൽ ക്രീയേറ്റീവ് കോമൺസ് അനുമതി പത്രമുപയോഗിച്ചു പിഡിഎഫ് രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പുസ്‌തകം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്,

https://rb.gy/esxyn8

പുസ്തകത്തിന്റെ അച്ചടി പതിപ്പ് ലഭ്യമാണോ എന്ന് ധാരാളം പേർ അന്വേഷിച്ചിരിന്നു. അച്ചടി പതിപ്പ് pothi.com എന്ന സെൽഫ് പബ്ലിഷിംഗ് പ്ലാറ്റുഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്. അച്ചടി പതിപ്പ് താഴെ പറയുന്ന ലിങ്കിൽ നിന്നും ഓർഡർ നൽകി വാങ്ങാവുന്നതാണ്. 

https://rb.gy/fyqtmd

പുസ്തകം ഓപ്പൺ അക്സസ്സ് ആയും, പേപ്പർ ബാക്ക് രീതിയിലും ഒരേ സമയം ലഭ്യമാക്കുന്നത് അക്കാദമിക്ക് പ്രസിദ്ധീകരണങ്ങൾ കൂടുതൽ ആൾക്കാരിലേക്കു എത്തിക്കാനും, പരമ്പരാഗത പ്രസിദ്ധീകരണ രീതിയിൽ നിന്നും  മാറി നടക്കാനും ഉതകുന്ന മാർഗമാണ്. സാഹിത്യ, വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ പ്രസിദ്ധീകരണ ആവശ്യങ്ങൾ നിറവേറ്റാൻ പരമ്പരാഗത പ്രസിദ്ധീകരണ രീതികൾക്ക് ഇന്ന് കഴിയുന്നില്ല. സ്വതന്ത്രമായ വിജ്ഞാനവിനിമയത്തിന് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നതിൽ പരമ്പരാഗത പ്രസിദ്ധീകരണ രീതിക്കും, നിലവിലെ പകർപ്പവകാശ നിയമങ്ങൾക്കും ഒരു പങ്കുണ്ട്. പരമ്പരാഗത പ്രസിദ്ധീകരണ രീതിയിൽ സ്വാഭാവികമായ കാലതാമസത്തോടെ പുസ്‌തകം പുറത്തിറങ്ങുമ്പോൾ അതിന്റെ ഉള്ളടക്കം കാലഹരണപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. വായനക്കാർക്കും, രചയിതാവിനും ഗുണകരമല്ലാത്ത പകർപ്പവകാശ വ്യവസ്ഥകൾ പുസ്‌തകത്തിന്റെ പ്രചാരത്തെയും മോശമായി ബാധിക്കുന്നു. പ്രസിദ്ധീകരണങ്ങൾ സ്വതന്ത്ര അനുമതിപത്രങ്ങളുടെ സഹായത്തോടെ പൊതുസമൂഹത്തിന്റെ ഉപയോഗത്തിന് സമർപ്പിക്കുന്നത് വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങളുടെ പുരോഗതിക്ക് ഗുണം ചെയ്യും. അതോടൊപ്പം തന്നെ, സ്വതന്ത്ര ലഭ്യതയിലൂടെ പ്രസിദ്ധീകരണത്തിന് വ്യാപകമായ പ്രചാരം കിട്ടുക വഴി എഴുത്തുകാരന് സമൂഹത്തിന്റെ ആദരം ലഭിക്കുകയും ചെയ്യും.


പരമ്പരാഗത രീതിയിൽ പുസ്തകം പ്രസിദ്ധീക്കുന്നത് ചിലവേറിയ പ്രക്രിയയാണ്. മിക്കപ്പോഴും പരമ്പരാഗത പ്രസാധകർ രചയിതാക്കളിൽ നിന്ന് മുൻ‌കൂറായി പ്രസിദ്ധീകരണ ചിലവ് ഈടാക്കുന്നു. വളരെയധികം പകർപ്പുകൾ അച്ചടിക്കുമ്പോൾ മാത്രമേ ഓഫ്‌സെറ്റ് പ്രിന്റിംഗ് രീതിയിൽ ചിലവ് കുറയുകയുള്ളൂ, പ്രിന്റ് ഓൺ ഡിമാൻഡ് രീതിയിൽ സെർവറുകളിൽ സംഭരിച്ചിരിക്കുന്ന പുസ്തകങ്ങളുടെ ഡിജിറ്റൽ പകർപ്പുകളിൽ നിന്ന് രചയിതാക്കൾക്ക് നേരിട്ട് അച്ചടിക്കാൻ കഴിയും. പുസ്തകത്തിന്റെ ഒരു കോപ്പി പോലും അച്ചടിക്കാൻ സാധിക്കും. പകർപ്പുകളുടെ എണ്ണം പുസ്തകത്തിന്റെ വിലയെ സ്വാധീനിക്കുന്നില്ല. ആവശ്യമുള്ളയത്ര പകർപ്പുകൾ  മാത്രം അച്ചടിക്കുകയെന്നതാണ് പ്രിന്റ് ഓൺ ഡിമാൻഡ് രീതി. പുസ്‌തകം വാങ്ങാൻ ഓർഡർ ലഭിച്ചാൽ മാത്രം അച്ചടി തുടങ്ങിയാൽ മതി. ഉദാഹരണമായി, ഒരു പുസ്‌തകം വാങ്ങാൻ ഓർഡർ ലഭിച്ചാൽ ഒരു കോപ്പി മാത്രമായി അച്ചടിക്കാൻ പ്രിന്റ് ഓൺ ഡിമാൻഡ് സംവിധാനത്തിൽ സാധിക്കും.


പുസ്‌തകങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡു ചെയ്യുന്നത്, മെറ്റാഡാറ്റ തയ്യാറാക്കൽ, പ്രിന്റിംഗ്, മാർക്കറ്റിംഗ്, വിൽപ്പന, റോയൽറ്റി എന്നിവ ഒരു കുടക്കീഴിലാക്കാൻ പ്രിന്റ് ഓൺ ഡിമാൻഡ് സേവനത്തിൽ നിയന്ത്രിക്കാൻ കഴിയും. പുസ്‌തകത്തിന്റെ വില, റോയൽറ്റി തുടങ്ങിയ കാര്യങ്ങൾ രചയിതാവിനു തന്നെ നിശ്ചയിക്കാം.


പ്രസിദ്ധീകരണശാലകൾ പകർപ്പവകാശം എഴുത്തുകാരനിൽ നിന്നും, പ്രസിദ്ധീകരണശാലക്കു പൂർണ്ണമായി കൈമാറിയെങ്കിൽ മാത്രമേ പുസ്‌തകം പ്രസിദ്ധീകരിക്കാൻ തയ്യാറാവുകയുള്ളു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പകർപ്പവകാശത്തിന്റെ ഉടമ പ്രസിദ്ധീകരണശാലയായിരിക്കും. പകർപ്പവകാശം രചയിതാവിനും, പ്രസാധകനും ഗുണകരമാണെങ്കിലും പ്രസിദ്ധീകരണ രംഗത്തെ കുത്തകവൽക്കരണത്തിനും, അറിവിന്റെ സുഗമമായ വിനിമയത്തിനും തടസ്സമുണ്ടാക്കുന്നുണ്ട്.


അച്ചടി പതിപ്പിനായുള്ള എല്ലാ പ്രവർത്തികളും (കവർ ഡിസൈൻ, ലേഔട്ട്, ഫോർമാറ്റിങ്) ഞാൻ തന്നെയാണ് നിർവ്വഹിച്ചത്. അതുകൊണ്ടു തന്നെ പ്രൊഫഷണൽ സമീപനത്തിന്റെ കുറവ് വായനക്കാർക്ക് തോന്നാൻ സാധ്യതയുണ്ട്.


ഡോ. വിമൽ കുമാർ വി.

റഫറൻസ് അസിസ്റ്റന്റ് 

മഹാത്മാ ഗാന്ധി സർവ്വകലാശാല 

കോട്ടയം

No comments:

Post a Comment